News
അരൂർ–തുറവൂർ ഉയരപ്പാത: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉൾപ്പെടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം
24 May 2026
എരമല്ലൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തുടരുന്ന ഗുരുതര സുരക്ഷാ വീഴ്ചകൾ, സ്കൂൾ കുട്ടികൾ നേരിടുന്ന അപകടസാധ്യത, മഴക്കാലത്ത് രൂപപ്പെടുന്ന ജീവഭീഷണി, കാന നിർമാണം മൂലമുള്ള സഞ്ചാര തടസ്സം എന്നിവ ചൂണ്ടിക്കാട്ടി എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി മുഖ്യമന്ത്രിക്കും വിവിധ സർക്കാർ വകുപ്പുകൾക്കും അടിയന്തര നിവേദനം സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ വഴി 23.05.2026-ന് സമർപ്പിച്ച പരാതിക്ക് G2260501020 എന്ന ഡോക്കറ്റ് നമ്പർ ലഭിച്ചതായി സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
റോഡരികിൽ നടക്കുന്ന കാന നിർമാണം പല സ്ഥലങ്ങളിലും ഉയർന്ന നിലയിൽ നിർമ്മിക്കുന്നതിനാൽ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. തുറന്നുകിടക്കുന്ന കുഴികൾ, കമ്പികൾ, മണ്ണ്, നിർമാണ അവശിഷ്ടങ്ങൾ എന്നിവ മഴക്കാലത്ത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ഇത് ഗുരുതര ഭീഷണിയാണെന്നും സൊസൈറ്റി ആരോപിച്ചു.
സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തുറന്നുകിടക്കുന്ന കാനകൾ സ്ലാബിട്ട് മൂടുക, റോഡരികിലെ മണ്ണും കമ്പികളും നീക്കം ചെയ്യുക, സ്കൂൾ സമയങ്ങളിൽ പ്രത്യേക ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുക, മുന്നറിയിപ്പ് ബോർഡുകളും ലൈറ്റിംഗും സ്ഥാപിക്കുക, വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും സുരക്ഷിത പ്രവേശനം ഉറപ്പാക്കുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി ചെയർമാൻ അഡ്വ. വിപിൻ കുമാർ കെ.പി.യും സെക്രട്ടറി അശ്വിൻ പ്രസാദും വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുകയും പൊതുജനങ്ങളുടെ ജീവനും യാത്രാസുരക്ഷയും സംരക്ഷിക്കാൻ ശക്തമായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.
![[TEST] കാണാതായ നായ — ക്ഷേത്ര റോഡ് പരിസരം](/_next/image?url=https%3A%2F%2Fpsseiuzegcsimpzcwles.supabase.co%2Fstorage%2Fv1%2Fobject%2Fpublic%2Fpost-images%2Fe24bfbd855cda99e303975f2bd2a1bf43079b320-800x600.jpg&w=1920&q=75)